നാലാം തരത്തിൽ പഠിക്കുന്ന കുട്ടികൾ തങ്ങളുടെ ക്ലാസ്സ് ടീച്ചറെ വലിയ ആദരവോടും സ്നേഹത്തോടെയുമാണ് ടീച്ചറമ്മ എന്ന് വിളിക്കുന്നത്. അതിനു കാരണവും ഉണ്ട്.
🔖 ടീച്ചർ ചിരിച്ചുകൊണ്ട് മാത്രമേ ക്ലാസ്സിൽ പഠിപ്പിക്കാറുള്ളു. ഇടയ്ക്കിടെ എന്തെക്കിലും അനുസരണകേടിൽ ദേഷ്യപ്പെട്ടാലും വളരെ പെട്ടെന്ന് അവരെ സമാശ്വസിപ്പിക്കും.
🔖 അവരുടെ ക്ലാസ്സിൽ മനു എന്നൊരു കുട്ടിയുണ്ടായിരുന്നു. പൊതുവെ വളരെ ശാന്തശീലനും എന്തിനും ഒരു സഹായം ആവശ്യപ്പെടുന്ന ഒരു കുട്ടിയായിരുന്നു. ആരും പെട്ടെന്ന് ശ്രദ്ധിക്കുന്ന തരത്തിലുള്ള ഭംഗിയോ പ്രസരിപ്പോ അവനില്ലായിരുന്നു. എപ്പോഴും ടീച്ചറിന്റെ സഹായം അവനു വേണമായിരുന്നു.
🔖 ഒരു ദിവസം ടീച്ചർ ക്ലാസ്സിൽ വന്നു കുട്ടികളോടായി പറഞ്ഞു: "ഇന്ന് നമ്മൾ ഒന്നും പഠിക്കുന്നില്ല. പകരം നിങ്ങൾ എല്ലാവരും നിങ്ങൾക്കിഷ്ടമുള്ള ഒരു ചിത്രം വരക്കുക. നമുക്ക് അതെല്ലാം ചേർത്ത് ഇവിടെ ഒരു ചിത്രപ്രദർശനം നടത്താം."
🔖 കുട്ടികൾക്ക് ആ ആശയം ഇഷ്ടമായി.
🔖 ടീച്ചർ എല്ലാവർക്കും ഓരോ പേപ്പറും പെൻസിലും നൽകി. കുട്ടികൾ എല്ലാവരും ഉത്സാഹത്തോടെ ചിത്രങ്ങൾ വരയ്ക്കാൻ തുടങ്ങി.
🔖 ടീച്ചർ ഓരോരുത്തരുടെയും അടുത്തെത്തി അവരുടെ രചനകൾ ശ്രദ്ധിച്ചു കൊണ്ട് നടന്നു. മനുവിന്റെ അടുത്തെത്തിയപ്പോൾ കണ്ടത് ഒന്നും തുടങ്ങാതെ തലകുനിച്ചു ഇരിക്കുന്നതാണ്.
🔖 ടീച്ചർ അവനെ മെല്ലെ പിടിച്ചെഴുന്നേല്പിച്ചു. എന്നിട്ട് അവനോടു പറഞ്ഞു: "മനു, നീ മിടുക്കനാണ്. നിനക്കിഷ്ടമുള്ള ഏത് ചിത്രവും വരച്ചുകൊള്ളൂ. അതൊരു ഇലയുടെ ചിത്രമായാലും കുഴപ്പമില്ല." ഇതും പറഞ്ഞു ടീച്ചർ അവന്റെ ചുമലിൽ തട്ടി.
🔖 മനു അവന്റെ മനസ്സിലുള്ള ചിത്രം വരയ്ക്കാൻ തുടങ്ങി.
🔖 കുറച്ചു സമയം കഴിഞ്ഞു. കുട്ടികൾ തങ്ങളുടെ ചിത്രങ്ങൾ ടീച്ചറെ ഏല്പിച്ചു തുടങ്ങി. അതിൽ പൂക്കൾ, മലനിരകൾ, ഉദയസൂര്യൻ, വാഹനങ്ങൾ, പക്ഷികൾ, ചിത്രശലഭം അങ്ങിനെ കൊച്ചു മനസുകളെ പെട്ടെന്ന് സ്വാധീനിക്കുന്ന പലതും ഉണ്ടായിരുന്നു.
🔖 ഏറ്റവും അവസാനം ചിത്രം വരച്ചു തീർത്തത് മനുവായിരുന്നു. അതിൽ ആകെ ഉണ്ടായിരുന്നത് രണ്ടു കൈകളുടെ ചിത്രമായിരുന്നു. അതും വലിയ നീളമുള്ള കൈകൾ.
🔖 ടീച്ചർ ആ ചിത്രങ്ങളെല്ലാം ക്ലാസ്സ്മുറിയുടെ ഭിതിയിന്മേൽ തൂക്കിയിട്ടു. എന്നിട്ട് കുട്ടികളോട് ആ ചിത്രങ്ങളെല്ലാം ശ്രദ്ധിച്ചു കാണുവാൻ പറഞ്ഞു. എന്നിട്ട് ഏറ്റവും മനോഹരമായ ചിത്രം കണ്ടെത്താൻ പറഞ്ഞു.
🔖 കുട്ടികൾ എല്ലാം ചിത്രങ്ങൾ ആസ്വദിച്ചു. മനുവിന്റെ ചിത്രം കാണുമ്പോൾ കുട്ടികൾ ചിരിക്കാൻ തുടങ്ങി. 'രണ്ടു കൈകൾ മാത്രം'. ഏറ്റവും മോശം ചിത്രമായി കുട്ടികൾ കണ്ടെത്തിയത് മനുവിന്റെ ചിത്രമായിരുന്നു.
🔖 കുട്ടികളുടെ ചിരികൾ കൂടുതൽ ആയപ്പോൾ അവൻ വിങ്ങിപ്പൊട്ടി കരയാൻ തുടങ്ങി. അപ്പോൾ ടീച്ചർ അവന്റെ അടുത്തെത്തി, അവന്റെ ചുമലിൽ തട്ടി പറഞ്ഞു "മനു, നീ കരയരുത്. നീ വരച്ചത് എന്താണെന്നു മനസ്സിലാകാത്തവരാണ് ചിരിക്കുന്നത്. അതുകൊണ്ട് നീ എന്തുകൊണ്ടാണ് മറ്റൊന്നും വരക്കാതെ ഈ രണ്ടു നീളൻ കൈകൾ വരച്ചത് എന്നൊന്ന് ഞങ്ങളോട് പറയാമോ!".
🔖 മനുവിനെ ടീച്ചർ എഴുന്നേൽപ്പിച്ചു നിർത്തി... ഒപ്പംഅവനെ ചേർത്തുപിടിച്ചുകൊണ്ട് ക്ലാസ്സിലെ കുട്ടികളോട് നിശ്ശബ്ദരാകാൻ ആവശ്യപ്പെട്ടു. എന്നിട്ട് പറഞ്ഞു: "മനു വരച്ച ചിത്രം എന്താണെന്നു ഇപ്പോൾ നമുക്ക് മനു തന്നെ പറഞ്ഞു തരും... കേട്ടോളു".
🔖 താഴ്ന്ന ശബ്ദത്തിൽ വിറയലോടെ മനു പറഞ്ഞു: "ഇത് രാവിലെ എന്നെ സ്നേഹത്തോടെ വിളിച്ചെഴുന്നേൽപ്പിക്കുന്ന, എണ്ണതേച്ചു കുളിപ്പിക്കുന്ന, ചോറു വാരി തരുന്ന, നിക്കറും ഷർട്ടും ഇട്ടുതരുന്ന, മുഖത്തു പൗഡർ പൂശിതരുന്ന, ഉമ്മ തരുമ്പോൾ രണ്ടു കവിളിലും ചേർത്തുപിടിക്കുന്ന എന്റെ അമ്മയുടെ കൈകളാണ്.
🔖 ഇതേ കൈകൾ തന്നെയാണ് എന്നെ സ്കൂൾ വരെ വലതുകൈ പിടിച്ചു നടത്തി കൊണ്ടു വരുന്ന എന്റെ ചേച്ചിയുടെ കൈ. പിന്നെ ഇതെന്റെ ടീച്ചറമ്മയുടെ കൈ ആണ്. എല്ലാവരും പുറത്തേക്ക് കളിക്കാൻ പോകുമ്പോൾ വെറുതെ ഇരിക്കുന്ന എന്നെ കൈ പിടിച്ചു, തോളിൽ തട്ടി പ്രോത്സാഹിപ്പിക്കുന്ന എന്റെ ടീച്ചറമ്മയുടെ കൈ. പിന്നെ ഉച്ചക്ക് ചോറുണ്ണുമ്പോൾ കറി പകുത്തു തരുന്ന എന്റെ കൂട്ടുകാരന്റെ കൈയാണത്... പിന്നെ... വൈകുന്നേരം പലഹാര പൊതിയുമായി വരുന്ന അച്ഛന്റെ പരുപരുത്ത തഴമ്പുള്ള കൈയാണ്... ഇതെല്ലാം എനിക്കിത്രയും നന്നായിട്ടേ വരക്കാനറിയാമോള്ളൂ ടീച്ചറെ....!". മനു പറഞ്ഞു നിർത്തി.
🔖 കലങ്ങിയ കണ്ണിന്റെ കോണുകളിൽ ഊറിക്കൂടിയ കണ്ണുനീർ ചാലുകീറി തുടങ്ങിയപ്പോഴേക്കും ടീച്ചർ അത് തുടച്ചു തീർത്തിട്ട് മനുവിനെ വാരിപുണർന്നു.
🔖 പ്രിയമുള്ളവരേ, പലർക്കും മനസ്സിലാകാതെ പോകുന്ന ചിലരുടെ ആകാശങ്ങൾ ഉണ്ട്. അതുകൊണ്ട് അതെല്ലാം തെറ്റാണെന്നു വിവക്ഷിക്കുന്നത് വലിയ ക്രൂരതയല്ലേ.
🔖 ഈ കഥ അയച്ചുതന്നത് ഒരു അധ്യാപികയാണ്. എനിക്ക് വ്യക്തിപരായി അറിയാവുന്ന മികച്ചൊരു ഗുരു ശ്രേഷ്ഠയാണ്. ടീച്ചർ പറഞ്ഞത്, ഈ കഥ കേട്ടതിനു ശേഷം ആണ് ഞാൻ ടീച്ചിങ്ങ് ഒരു നിഷ്ഠയും ധ്യാനവും ആക്കിയത്. ഒരു ക്ലാസ്സ് മുറിയിൽ എത്രയോ ഇതുപോലുള്ള മനസ്സുകൾ ഉണ്ടാകാം.
🔖 ക്ലാസ്സ് മുറികളിൽ മാത്രമല്ല നമ്മുടെ ജീവിതത്തിന്റെ എല്ലാ തുറകളിലും തീരങ്ങളിലും ഇല്ലേ ഇത്രരത്തിലുള്ള നമ്മുടെ കരങ്ങൾ ആവശ്യമുള്ളവർ...
🔖 ചിലപ്പോൾ ഒരു സാമിപ്യം, സ്പര്‍ശനം, പുഞ്ചിരി, ഒരു വാക്ക് അതു മതിയാകും അവരുടെ ആകാശങ്ങൾ നിറങ്ങൾ കൊണ്ടു നിറയാൻ.
🔖 നമ്മുടെ കൈകൾ മറ്റുള്ളവരുടെ മനസ്സുകൾ തൊടുവാൻ പറ്റുന്നവിധം നീട്ടുവാൻ നമുക്കും സാധിക്കട്ടെ....
Comments
Post a Comment