Skip to main content

ഒരു വികാരിയച്ചൻ്റെ കൊവിഡ്-കാല ഡയറിക്കുറിപ്പ്.

കൊവിഡ് കാരണം പണി പോയി, പണി കിട്ടിയവരിൽ പ്രധാനിയാണ്  നാട്ടിലെ പ്രമുഖ പള്ളിയിലെ ഇടവക വികാരി കൂടിയായ ഫാദർ പത്രോസ് പ്ലാമൂട്ടിൽ എന്ന താൻ..

ഇടവകക്കാരൊക്കെ സ്നേഹത്തോടെ തന്നെ പ്ലാമൂട്ടിലച്ചൻ എന്നു വിളിക്കും..

ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ ആളെക്കൂട്ടിയുള്ള പ്രാർത്ഥനയും കുർബാനയുമൊക്കെ സർക്കാരങ്ങ് നിരോധിച്ചുകളഞ്ഞു..

നിയമപ്രകാരം അഞ്ചാളെ വെച്ച് കുർബാന നടത്താമെങ്കിലും അതിലൊരു ത്രില്ലില്ലല്ലോ..

വേറെ വഴിയില്ലാതെ താൻ ഉടനെ ചെന്ന് നാട്ടിലെ ഒരു ലോക്കൽ ചാനലിൻ്റെ കാലു പിടിച്ച് ലൈവായി കുർബാന സംപ്രേക്ഷണം ചെയ്യിക്കാനായി ഉടമ്പടിയാക്കി..

വീഡിയോഗ്രാഫർ പണ്ട് പള്ളിമുറ്റത്തിട്ട് ഒരു ഷോർട്ട് ഫിലിം പിടിച്ചോട്ടെ എന്നും ചോദിച്ചു വന്നപ്പോൾ താൻ ഷോർട്ട്കട്ട് വഴി ഓടിച്ച പയ്യനാ..

ഇപ്പോ അവൻ്റെ ഒരു ജാഡ കാണണം..

സാധാരണ പ്രാർത്ഥനകൾക്കു പുറമേ കൊറോണക്കുള്ള പ്രത്യേക പ്രാർത്ഥനയും ഉൾപ്പെടുത്തിയായിരുന്നു തൻ്റെ പാട്ടുകുർബ്ബാന.. 

പക്ഷെ സംഗതി നൈസായിട്ട് ചീറ്റിപ്പോയെന്നാണ് കപ്യാരിൽ നിന്ന് തനിക്കു കിട്ടിയ സീക്രട്ട് ഫീഡ്ബാക്ക്..

പാട്ടുകുർബ്ബാനക്കിടെ പാട്ടു വരുമ്പോൾ ആളുകൾ ചാനൽ മാറ്റി സൂര്യമ്യൂസിക്ക് ഇടുകയാണത്രെ..

തൻ്റെ പ്രസംഗം വരേണ്ട താമസം ചാനൽ മാറി ഏഷ്യാനെറ്റ്ന്യൂസാവും.. 

അതൊക്കെ പോട്ടേന്ന് വെക്കാം..

കുർബ്ബാനയുടെ അവസാനം കാണിക്ക ഗൂഗിൾപേ ചെയ്യാൻ താൻ പറയുന്ന സമയത്ത് സഫാരി ടിവി ഇട്ടിട്ട് ഞാനിപ്പോ നാട്ടിലില്ല എന്ന മട്ടിലിരിക്കുവാണത്രെ ആ ബ്ലഡി ഇടവകവാസികൾ.. 

എന്തു പറയാനാ പള്ളിയുടെ വരുമാനം ഏതാണ്ട് നിലച്ച മട്ടാണ്..

ഇതിങ്ങനെ പോയാൽ അടുത്ത ഞായറാഴ്ച കത്തിക്കാൻ മെഴുകുതിരിക്ക് താൻ പോക്കറ്റിൽ നിന്ന് കാശിടേണ്ടി വരും..

ഹൊ.. ഓർക്കാനേ വയ്യ..

അപ്പോഴാണ് സർക്കാർ ചെയ്തതുപോലെ ഒരു സാലറി ചലഞ്ച് ഏർപ്പെടുത്തിയാലോന്ന് ഒരു ആലോചന മനസ്സിൽ വന്നത്..

വികാരിയച്ചൻ്റെ ഒരു മാസത്തെ സാലറിക്ക് തുല്യമായ തുക അഞ്ചുമാസം കൊണ്ട് ഇടവകക്കാർ ഓരോരുത്തരും പള്ളിക്ക് നൽകണം.. 

അതായിരുന്നു തൻ്റെ പ്രൊപ്പോസൽ..

മുൻപിൻ ചിന്തിക്കാതെ ഇടവകഗ്രൂപ്പിൽ ഈ ആശയം ലേഖനമാക്കി പോസ്റ്റ് ചെയ്തു..

പത്തു മിനിറ്റ് കഴിഞ്ഞില്ല.. ദാ വരുന്നു.. ആ കുന്നുമ്മേൽ കറിയാച്ചൻ്റെ നേതൃത്വത്തിൽ കുറെപ്പേർ ലേഖനം കത്തിച്ചു പ്രതിഷേധിക്കുന്നതിൻ്റെ ഫോട്ടോസ്..

അവനൊക്കെ ഇത് ചെയ്തില്ലെങ്കിലേ അത്ഭുതമുള്ളു..

കഴിഞ്ഞ പള്ളിപ്പെരുന്നാളിന് പ്രസുദേന്തിയാവാൻ പറ്റീല്ലാന്നും പറഞ്ഞ് പ്രധാന പ്രദക്ഷിണം ഇറങ്ങുമ്പോ അതിനു നേരെ പടക്കം എറിഞ്ഞവനാ..

വികാരിയച്ചനെന്ന നിലയിൽ ഇടവകക്കാർക്കിടയിലെ തൻ്റെ സ്വാധീനം കാണുമ്പോൾ അവന് കുശുമ്പു തോന്നിയില്ലെങ്കിലേ അത്ഭുതമുള്ളു..

താനും വെറുതെ ഇരുന്നില്ല..

കമ്മിറ്റിക്കാരോടു പറഞ്ഞ് അവൻ്റെ വീടിൻ്റെ മുമ്പിൽ തന്നെ ഫ്ളക്സ് വെപ്പിച്ചു..

"ലേഖനം കത്തിച്ച കറിയാച്ചൻ ഇനി കുർബ്ബാനയിൽ പങ്കെടുക്കേണ്ട; എന്ന് ഇടവകക്കാർ"

ഫ്ളക്സ് വായിച്ച കറിയാച്ചൻ ചമ്മിപ്പോയിക്കാണണം.. ഹല്ല പിന്നെ.. തന്നോടാ കളി.. 

പക്ഷെ ആ ആഹ്ളാദം അധികം നീണ്ടുനിന്നില്ല..

കറിയാച്ചനും സിൽബന്ധികളും അരമനയിൽ പരാതി കൊടുത്തു..

അരമനേന്ന് വിളിച്ച് തത്കാലം അത് നടപ്പിലാക്കേണ്ടന്ന് നിർദ്ദേശിച്ചു..

ലേഖനത്തിൽ ബിഷപ്പിൻ്റെ ഒപ്പില്ലാത്തതിനാൽ അത് നിയമപരമായി നിലനിൽക്കില്ലത്രെ..

മ്ഹും; അപ്പോ ഇനി വേറെ വഴി നോക്കണം..

സാരമില്ല.. ഇനിയും എത്ര വഴി കിടക്കുന്നു..

ഇളയ കൊച്ചിൻ്റെ ആദ്യകുർബ്ബാന നടത്താൻ കറിയാച്ചൻ ഉടനെ ഇങ്ങ് വരുമല്ലോ..

തനിക്കതല്ല വിഷമം..

ഈ പള്ളി കാണുമ്പഴാ..

എങ്ങനെ കിടന്നിരുന്ന പള്ളിയാ..

രാവിലെ അകത്ത് പ്രായമായവർക്കായി എക്സ്ക്ലൂസീവ് കുർബ്ബാന..

 വൈകീട്ട് മുറ്റത്ത് യൂത്തൻമാർക്കായി ലൈവ് വോളിബോൾ പ്രാക്ടീസ്..

തൊട്ടപ്പുറത്ത് തന്നെ പാരിഷ് ഹാളിൽ പെങ്കുട്ടോളുടെ ക്വയർ പ്രാക്ടീസ്..

ക്വയറില്ലാത്ത ദിവസം വോളിബോളിനും അവധിയാണ്..

അത് താൻ പ്രഖ്യാപിച്ചതല്ല.. യൂത്തൻമാർ സ്വയം തീരുമാനിച്ചതാണ്..🤪

അങ്ങനെ ഇടവകക്കാരെല്ലാം എപ്പോഴെങ്കിലുമൊക്കെയായി എന്നും കേറിയിറങ്ങി നടന്നിരുന്ന പള്ളിയും പള്ളിമുറ്റവുമാണ് ഈ വിജനമായിക്കിടക്കുന്നത്..
 കൊവിഡിനെപ്പേടിച്ച് ആരും പള്ളിപ്പരിസരത്തോട്ടു പോലും വരുന്നില്ല..

ജോസപ്പേട്ടനൊഴിച്ച്..

ജോസപ്പേട്ടൻ മാത്രം എന്നും പള്ളിയിൽ വരും..

പള്ളിമുറ്റത്തെ മാതാവിൻ്റെ രൂപത്തിനു മുമ്പിൽ ഒരു ഗ്ലാസ് വെള്ളം വെച്ച്  പ്രാർത്ഥിക്കും..

ആ ഭക്തിയിൽ തനിക്ക് വല്ലാത്ത അത്ഭുതവും ആദരവും തോന്നി..

പക്ഷെ ഈ വെള്ളം നേർച്ച..

അത് താൻ ആദ്യമായിട്ട് കാണുകയാണ്..

ജോസപ്പേട്ടൻ കഴിഞ്ഞ കൊല്ലം കൊച്ചച്ചൻ്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച വിശുദ്ധനാട് തീർത്ഥയാത്രക്കൊക്കെ പോയ ആളാണ്..

ഇനി അവിടെ ഏതെങ്കിലും പള്ളിയിലെ ആചാരമായിരിക്കുമോ.?

സംശയ നിവൃത്തിക്കായി ഒരു ദിവസം ജോസപ്പേട്ടനോട് തന്നെ നേരിട്ടു ചോദിച്ചു..

"എന്നും ഈ വെള്ളം കൊണ്ടു വെച്ചിട്ട് മാതാവിനോട് എന്താ ജോസപ്പേട്ടാ ഈ പ്രാർത്ഥിക്കുന്നത്"

"അയ്യോ അച്ചോ.. ഞാൻ മാതാവിനോടല്ല.. ഒക്കത്തിരിക്കുന്ന ഉണ്ണിയേശൂനോടാ പ്രാർത്ഥിക്കുന്നത്.. ഇനി എങ്ങാനും പുള്ളിക്ക് ഒന്നുകൂടി വെള്ളം വീഞ്ഞാക്കാൻ തോന്നിയാലോ.. ഇവിടെ ഒരിടത്തും ഇപ്പോ സാധനം കിട്ടാനില്ലന്നേ.."

ജോസപ്പേട്ടൻ്റെ മറുപടി കേട്ടപ്പോ തൻ്റെ തലയിൽ നിന്ന് രണ്ട് പ്രാവുകൾ പറന്നു പോയി..

ഏതായാലും ഈ ലോക്ക്ഡൗൺ പിരിഡിൽ ഇടവകക്കാര് കൈവിട്ടു പോകാതെ പിടിച്ചു നിർത്താൻ എന്തേലും ചെയ്തേ പറ്റു..

അങ്ങനെയാണ് ഇടവകയുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ താൻ സജീവമാവാൻ തുടങ്ങിയത്..
 
അതിൻ്റെ ഫലമായെന്നോണം പലതരം സന്നദ്ധ പ്രവർത്തനങ്ങൾക്കും ഗ്രൂപ്പ് വേദിയായി..

വനിതാസമാജം തനിക്കു ഫുൾ സപ്പോർട്ടായിരുന്നു..

അതുകൊണ്ടു തന്നെ യൂത്തൻമാർ കെറുവിച്ചു മാറി നിന്നു..

 വിവിധ തരം വിഭവങ്ങളുണ്ടാക്കി പാചകക്കുറിപ്പു സഹിതം ഗ്രൂപ്പിലിടുക.. മക്കളെക്കൊണ്ട് കവിത ചൊല്ലിച്ച് വീഡിയോ ആക്കി യു ട്യൂബിലിട്ടിട്ട് സബ്സ്ക്രിപ്ഷൻ ചെയ്യാനായി എല്ലാർക്കും ലിങ്ക് അയച്ചു കൊടുക്കുക.. ഇതൊക്കെയായിരുന്നു ആദ്യഘട്ടത്തിൽ ഗ്രൂപ്പിൽ നടന്നത്..

അടുത്തപടിയായി ഒരു അഖണ്ഡ പ്രാർത്ഥനാജ്ഞം തുടങ്ങിയാലോന്ന് താൻ അഭിപ്രായപ്പെട്ടു..

കേട്ടപാടെ ചെമ്മനാട്ടെ ചിന്നമ്മച്ചേടത്തി മാതാവിൻ്റെ പ്രാർത്ഥന ചൊല്ലി ഗ്രൂപ്പിലിട്ടു..

തൊട്ടുപിന്നാലെ ജെസ്സിമോളുടെ വകയായി ഗീവർഗീസ് പുണ്യാളനുള്ള പ്രാർത്ഥന വന്നു..

പിന്നങ്ങോട്ട് നിരനിരയായി അന്തോണീസ് പുണ്യാളനും, യൂദാശ്ലീഹയും, വി.അൽഫോൺസാമ്മയും ഒക്കെ വന്നു..

അതങ്ങനെ സ്മൂത്തായിട്ട് പോയിക്കൊണ്ടിരിക്കുമ്പോളാണ് ഇടവകയിലെ പ്രധാന യൂത്തനായ ജോസ്മോൻ  സെമിത്തേരിയിലെ പ്രാർത്ഥന ചൊല്ലി ഗ്രൂപ്പിലിട്ടിട്ട് ഇടവകയിലെ വല്ല്യമ്മമാർക്കെല്ലാമായി അതു ഡെഡിക്കേറ്റ് ചെയ്യുന്നത്..

ജോസ്മോന് സപ്പോർട്ടായി കുറച്ചു സ്മൈലികളും കിട്ടി.. 

സ്മൈലികൾ കണ്ട വല്ല്യമ്മമാരെല്ലാം അതിട്ടത് തങ്ങളുടെ തന്നെ മരുമകളുമാരാണെന്ന സത്യം തിരിച്ചറിഞ്ഞു..

മരുമകളുടെ സ്മൈലികൾക്കുള്ള പ്രതികരണമായി അമ്മായിയമ്മമാരുടെ സ്മൈലികളും വന്നു തുടങ്ങിയതോടെ രംഗം കൊഴുത്തു..

അതുവരെ ഗ്രൂപ്പിൽ കന്യാമറിയത്തെപ്പോലെ സംസാരിച്ചിരുന്ന എല്ലാവരും പിന്നെ ചന്തമറിയയെപ്പോലെ സംസാരിക്കാൻ തുടങ്ങി..

കാര്യങ്ങൾ കൈവിട്ടു പോകുമെന്നായപ്പോൾ അഡ്മിനായ താൻ ഇടപെട്ടു..

അന്നു രാത്രി ഉറങ്ങാൻ പോകും മുമ്പ് താൻ ഒരു മെസ്സേജിട്ടു.. 

"മാന്യമായി തുടരാൻ താത്പര്യമില്ലാത്തവർക്ക് ഗ്രൂപ്പിൽ നിന്നു പുറത്തു പോകാം.."

പിറ്റേന്ന് രാവിലെ ഗ്രൂപ്പു തുറക്കുമ്പോൾ ഗ്രൂപ്പിൽ താനും കപ്യാരും മാത്രമുണ്ട്..

കപ്യാരുടെ വക ഒരു മെസ്സേജും കിടപ്പുണ്ട്..

"അച്ചോ.. ഞാനെങ്ങനാ.? നിക്കണോ അതോ പോണോ.?"🤔

ഗ്രൂപ്പില്ലാതായതോടെ ഇപ്പോ ഒരു രസവുമില്ല..

ഒരു പണിയുമില്ലാതെ ബോറടിച്ച് എത്ര കാലം ഇങ്ങനെ തള്ളി നീക്കും..

മുൻകൂട്ടി അറിഞ്ഞിരുന്നെങ്കിൽ കുറച്ചു നോവലുകൾ വാങ്ങി വെക്കാമായിരുന്നു..

ഇതിപ്പോ പഴയ നിയമോം പുതിയ നിയമോം തന്നെ മാറി മാറി വായിച്ച് മടുത്തു..

ഹൊ.. ഭയങ്കരം തന്നെ ഈ കൊവിഡ്ജീവിതം..

 എത്രയും വേഗം ഈ ലോക്ക്ഡൗൺ ഒന്ന് അവസാനിച്ചാ മതിയായിരുന്നു..

 എന്നിട്ടു വേണം കൊറോണാദോഷം മാറാനാണന്നു പറഞ്ഞ് തനിക്ക് ഓടിനടന്ന്  പെരകൂദാശ നടത്താൻ..🤩

Comments

Popular posts from this blog

മുല്ലപ്പെരിയാർ കേസിൽ സുപ്രീം കോടതി വിധി കേരളത്തിന് എതിരാകാൻ എന്താണ് കാരണം.?

മൂന്നു ഘട്ടങ്ങളിൽ ആയി നടത്തിയ ബലപ്പെടുത്തലുകൾ മുല്ലപ്പെരിയാറിനെ പുതിയ അണക്കെട്ട് പോലെത്തന്നെ സുദൃഢമാക്കി എന്ന് കോടതിക്ക് സാങ്കേതിക വിവരങ്ങളുടെ അടിസ്ഥാനത്തിൽ ബോദ്ധ്യപ്പെട്ടു എന്നതുകൊണ്ട്  തന്നെ. അതായത് ഈ ബലപ്പെടുത്തലിനു ശേഷം മുല്ലപ്പെരിയാർ ഡാം സുരക്ഷിതമല്ല, പൊളിച്ച് കളയണം എന്ന വാദത്തിന്റെ പ്രസക്തി നഷ്ടപ്പെട്ടു എന്നർത്ഥം. മുല്ലപ്പെരിയാർ ബലപ്പെടുത്തലിനു ശേഷം ഒരു നൂറ്റാണ്ട് പഴക്കമുള്ള വെറും ഒരു സുർക്കി ഡാം ആയി കണക്കാക്കാൻ കഴിയില്ല. മറിച്ച്  ഒരു കോമ്പോസിറ്റ് ഡാം ആയി കണക്കാക്കേണ്ടി വരും. ഡാം ബലപ്പെടുത്തലിൽ എന്താണ് യഥാർത്ഥത്തിൽ നടന്നതെന്നുള്ള കാര്യം മനസ്സിലാക്കിയാൽ പൊട്ടാൻ തയ്യാറായി നിൽക്കുന്ന നൂറ്റാണ്ട് പഴക്കമുള്ള ഡാമാണ് മുല്ലപ്പെരിയാർ എന്ന ഭീതി അസ്ഥാനത്താണെന്നു മനസ്സിലാക്കാൻ കഴിയും. മുല്ലപ്പെരിയാർ ഒരു ഗ്രാവിറ്റി ഡാം ആണ്. അതായത്  അണക്കെട്ടിന്റെ ഭാരം ആണ് വെള്ളത്തെ തടഞ്ഞ് നിർത്തുന്നത്.  കോൺക്രീറ്റ്, മണ്ണ്, കല്ല്, സുർക്കി മിശ്രിതം എന്നു വേണ്ട ഭാരവും ഉറപ്പും കൂട്ടിപ്പിടുത്തവും നൽക്കാൻ കഴിയുന്ന ഏത് പദാർത്ഥങ്ങൾ ഉപയോഗിച്ചും ഗ്രാവിറ്റി ഡാമുകൾ നിർമ്മിക്കാം. ഓരോ പ്രദേശങ്ങളിലെയും അസംസ്കൃത വ

പുതിയ വിദ്യാഭ്യാസനയം

(1). 10+2 രീതി അവസാനിച്ചു. (2). പുതിയ രീതി 5+3+3+4. (3). 5 വരെ പ്രീസ്കൂൾ, 6 മുതൽ 8 വരെ മിഡ്സ്കൂൾ, 8 മുതൽ 11 വരെ ഹൈസ്കൂൾ, 12 ഇല്ല, പകരം ബിരുദം 4 വർഷം. (4). എല്ലാബിരുദങ്ങളും ഇനിമുതൽ 4 വർഷം. (5). 6 മുതൽ തൊഴിൽപഠനം ആരംഭിക്കാം. (6). 8 മുതൽ 11 വരെ ഐച്ഛികവിഷയങ്ങൾ തിരഞ്ഞെടുക്കാം. (7). എല്ലാബിരുദങ്ങൾക്കും മുഖ്യവിഷയവും ഉപവിഷയവും ഉണ്ടാകും. ഉദാഹരണമായി സയൻസ് ബിരുദം പഠിക്കുന്നയാൾക്ക് ഫിസിക്സ് മുഖ്യവിഷയവും സംഗീതം ഉപവിഷയവുമായി പഠിക്കാം. (8). എല്ലാ ഉന്നതപഠനവും ഒറ്റ അതോറിറ്റിയുടെ കീഴിലാവും. (9). യുജിസിയും എഐസിടിഇയും ലയിപ്പിക്കും. (10). എല്ലാ സർവ്വകലാശാലകൾക്കും സ്വകാര്യസ്ഥാപനങ്ങൾക്കും കല്പിതസർവ്വകലാശാലകൾക്കും ഒരേ ഗ്രേഡിംഗും നിയമാവലികളും ആയിരിക്കും. (11). രാജ്യത്തെ എല്ലാത്തരം അധ്യാപകർക്കും ഏകീകൃത ട്രെയിനിംഗ് ബോർഡ് നിലവിൽ വരും. സംസ്ഥാനങ്ങൾക്ക് ഇതിൽ മാറ്റം വരുത്താനാകില്ല. (12). എല്ലാ കോളേജുകൾക്കും സമാന തലങ്ങളിലുളള അക്രഡിറ്റേഷൻ രീതി നടപ്പാക്കും. പ്രാപ്തിപ്രകാരം സ്വയംഭരമാവകാശങ്ങൾ നല്കും. (13). കുട്ടികളെ 3 വയസ്സുവരെ വീട്ടിലിരുത്തി പഠിപ്പിക്കുന്നതിനായി രക്ഷാകർത്താക്കൾക്കും 3 മുതൽ 6 വയസ്സുവരെ പഠിപ്പിക്കുന്നതിന് പ

രാഷ്ട്രീയം

"ഈ രാഷ്ട്രീയം എന്നുവെച്ചാല്‍ എന്താണച്ഛാ..?" . . . . . "മിടുക്കന്‍'' നല്ല ചോദ്യം. അച്ഛന്‍ ലളിതമായി പറഞ്ഞു തരാം.! ഉദാഹരണത്തിന്‌ നമ്മുടെ വീട്ടിലെ കാര്യങ്ങള്‍ തന്നെയെടുക്കാം.. ഞാനാണ്‌, അതായത്‌ അച്ഛനാണ്‌ ഈ വീട്ടിലെ ഗൃഹനാഥന്‍. അച്ഛനാണ്‌ വരുമാനം കൊണ്ടു വരുന്നത്‌, അതു കൊണ്ട്‌ എന്നെ മുതലാളിത്തം അഥവാ ക്യാപിറ്റലിസം എന്നു വിളിക്കാം.. നിന്‍റെ അമ്മയാണ്‌ ഈ വിട്ടിലെ കാര്യങ്ങള്‍ നോക്കുന്നത്‌, അതു കൊണ്ട്‌ നമുക്ക്‌ അമ്മയെ ഭരണാധികാരി അല്ലെങ്കില്‍ ഗവണ്‍മെന്‍റ് എന്നു വിളിക്കാം.. പണികളെല്ലാം ചെയ്യുന്നത്‌ വേലക്കാരിയാണ്‌, അതു കൊണ്ട്‌ വേലക്കാരിയെ നമുക്ക്‌ തൊഴിലാളി അഥവാ അദ്ധ്വാന വര്‍ഗ്ഗം എന്നും വിളിക്കാം..  ഞങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റുകയെന്നതാണ്‌ നിന്‍റെ ജോലി, അതു കൊണ്ട്‌ നിന്നെ പൊതുജനം എന്നും വിളിക്കാം.. നിന്‍റെ കുഞ്ഞനുജനെ, നമ്മുടെ കുഞ്ഞു വാവയെ ഭാവിയുടെ വാഗ്‌ദാനമെന്നും വിളിക്കാം.. ഇനി ചിന്തിച്ചു നോക്കൂ.. "ഇപ്പോള്‍ മനസ്സിലായില്ലേ എന്താണ്‌ രാഷ്ട്രീയമെന്ന്‌.!" . . . . . അച്ഛന്‍റെ ഉദാഹരണത്തില്‍ ചിന്താവിഷ്ടനായി കുട്ടി ഉറങ്ങുവാന്‍ പോയി. രാത്രി കുഞ്ഞു വാവയുടെ കരച്ചില്‍ കേട്ടുണര്‍ന്ന