പുലയജാതിക്കാരിക്ക് വിദ്യാഭ്യാസം നൽകാൻ പാടില്ല എന്ന് വാദിച്ചവരും, വിദ്യാഭ്യാസം എല്ലാവരുടെയും അവകാശമാണെന്ന് വാദിച്ചവരും.
കടൽ കടന്നു പോകുന്നത് പാപമാണെന്ന് കരുതിയവരും, പുറം രാജ്യങ്ങളിൽ പോയി പഠിച്ച് മിടുക്കരായവരും.
വിധവകൾ പുനർവിവാഹം ചെയ്യാതെ മരണം വരെ ഒറ്റയ്ക്ക് കഴിയണമെന്ന് കരുതിയവരും,
വിധവാ വിവാഹത്തിന് വേണ്ടി ശക്തമായി നിലകൊണ്ടവരും.
സ്ത്രീകൾക്ക് സ്വത്തവകാശം നൽകാൻ പാടില്ല എന്നു ശഠിച്ചവരും, എല്ലാവർക്കും സ്വത്തിൽ തുല്യ അവകാശം നൽകണമെന്ന് കരുതിയവരും.
സതി ഒരു അനാചാരമാണെന്ന് തിരിച്ചറിഞ്ഞ് എതിർത്തവരും, അത് ആചാരമാണ് സംരക്ഷിക്കണമെന്ന് പറഞ്ഞ് പ്രകടനം നടത്തിയവരും.
മകരജ്യോതി മനുഷ്യൻ കത്തിക്കുന്നതാണ് എന്ന് പറഞ്ഞവരും, അത് പറഞ്ഞവരെ തെറിവിളിച്ചവരും.
ഗുരുവായൂരിൽ അയിത്തജാതിക്കാർ കയറിയാൽ പ്രതിഷ്ഠയുടെ ചൈതന്യം കുറയുമെന്ന് കരുതിയവരും, ക്ഷേത്രപ്രവേശനം എല്ലാ ഭക്തരുടെയും അവകാശമാണെന്ന് തിരിച്ചറിഞ്ഞവരും.
ആർത്തവകാലത്ത് പെണ്ണിനെ വീട്ടിന് പുറത്താക്കി അടുക്കളയിൽ കേറ്റാത്തവരും, ആർത്തവം ഒരു ജൈവിക പ്രക്രിയ മാത്രമാണെന്ന ബോധം വന്നവരും.
ഗുരുവായൂരിൽ പി കൃഷ്ണപിള്ള മണിയടിച്ചപ്പോൾ പിന്തുണച്ചവരും, പിന്നിൽ നിന്നടിച്ചവരും.
പത്മനാഭസ്വാമി ക്ഷേത്രത്തിൽ സ്ത്രീകൾ മാറു മറച്ചു കയറിയാൽ ക്ഷേത്രം കടലെടുക്കും എന്നു കരുതിയവരും, അത് അസംബന്ധമാണെന്ന് മനസിലാക്കിയവരും.
വൈക്കം ക്ഷേത്രത്തിലേക്കുള്ള വഴിയെ അവർണ്ണർ നടന്നാൽ ദൈവകോപമുണ്ടാകും എന്ന് വിശ്വസിച്ചവരും, പൊതുവഴിയെ എല്ലാവർക്കും നടക്കാൻ സമരം നയിച്ചവരും.
ശബരിമലയിൽ സ്ത്രീകൾ കയറിയാൽ അയ്യപ്പന്റെ ബ്രഹ്മചര്യം നഷ്ടമാകും എന്ന് വിശ്വസിക്കുന്നവരും, സ്ത്രീ പ്രവേശന വിലക്ക് ഒരു അനാചാരമാണെന്ന് കരുതുന്നവരും.
ദൈവനിന്ദ ചെയ്താൽ അതിനുള്ള ശിക്ഷ ദൈവം കൊടുത്തോളും എന്നു വിശ്വസിക്കുന്നവരും, ദൈവത്തിനു വേണ്ടി വാളെടുക്കുന്നവരും.
ദൈവം എന്നെ രക്ഷിക്കും എന്ന് വിശ്വസിക്കുന്ന ഭക്തരും, ദൈവത്തെ ഞങ്ങൾ രക്ഷിക്കും എന്നു കരുതുന്ന വിഡ്ഢികളും.
ചരിത്രം ആർക്കൊപ്പമായിരുന്നു എന്നോർക്കുന്നത് നന്നായിരിക്കും..🙏🏻
Comments
Post a Comment