വിവാഹപ്രായം പുരുഷനും, സ്ത്രീക്കും 21 വയസ്സ് ആക്കുന്നതിനുള്ള നിയമനിർമ്മാണത്തിന്റെ പണിപ്പുരയിലാണല്ലോ സർക്കാർ. ലോകത്തിൽ ഏറ്റവും കൂടുതൽ ശൈശവ വിവാഹം നടക്കുന്ന രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ. പത്തു വയസ്സായിരുന്നു 1860 മുതൽ ഇന്ത്യയിലെ നിയമനുസൃത വിവാഹപ്രായം. ഇവ പടിപടിയായി ഉയർത്താൻ ബ്രിട്ടീഷുകാർ അല്പമൊന്നുമല്ല സഹായിച്ചത്. അതിന്റെ തുടക്കം ഒരു പത്തു വയസ്സുകാരി കുഞ്ഞു ഭാര്യയുടെ മരണമായിരുന്നു.
ആദ്യരാത്രിയിലെ ലൈംഗിക ബന്ധത്തിൽ ശരീരം തകർന്ന് മരിച്ച ഫൂൽ മണി എന്ന പത്തു വയസ്സുമാത്രമുള്ള ഒഡീഷക്കാരി പെൺകുട്ടിയിൽ നിന്നാണ് ഇതിന്റെ തുടക്കം. ഈ പേര് ഇന്ന് എത്രപേർക്ക് അറിയാം.??
1891ലാണ് സംഭവം. ഭർത്താവ് 35 വയസ്സുള്ള ഹരിമോഹൻ മൈത്തിക്ക് ആദ്യരാത്രി തന്നെ ഭാര്യയുടെ കനകാത്വം തകർക്കണമെന്ന് നിർബന്ധമായിരുന്നു. ആദ്യ രാത്രിയിൽ കിടക്കവിരികളിൽ രക്തം കാണണെമെന്നും അന്നുണ്ടായിരുന്ന ഒരു ആചാരം ആയിരുന്നു.
അങ്ങനെ ശരീരം തകർന്നാണ് ഫൂൽമണി എന്ന കുഞ്ഞു ഭാര്യ മരിച്ചത്. പക്ഷേ ആ മൃതദേഹം കണ്ട്, കരളലിഞ്ഞവർ ഇന്ത്യയിലെ ജാതി തമ്പുരാക്കന്മാരോ, രാഷ്ട്രീയ പാർട്ടി നേതാക്കളോ ആയിരുന്നില്ല. ബ്രിട്ടീഷുകാർ ആയിരുന്നു.
അനവധി കൊച്ചു പെൺകുട്ടികൾ ദാരുണമായി കൊല്ലപ്പെടുന്ന സാമൂഹ്യപരിതസ്ഥിതി അക്കാലത്ത് ഉണ്ടായിരുന്നു. കന്യാചർമ്മം പൊട്ടി രക്തം വരാത്തവരെ ഉപക്ഷേിക്കുന്ന രീതിയും. ഈ അനാചാരങ്ങൾ നിലനിന്ന കാലത്താണ് ഏജ് കൺസെന്റ് ബിൽ (എസിബി) ബ്രിട്ടീഷുകാർ കൊണ്ടു വന്നത്. അതിന് അവരെ പ്രേരിപ്പിച്ചത് ഫൂൽമണിയുടെ ദാരണ അന്ത്യം ആയിരുന്നു. പെൺകുട്ടികളുടെ വിവാഹ പ്രായം പത്തിൽനിന്ന് 12 വയസ്സാക്കി ഉയർത്തിയത് അതോടെയാണ്. ഇന്ന് നമുക്ക് അത്ഭുദമെന്നുതോന്നും, ബാലഗംഗാധര തിലകനെപ്പോലുള്ളവർ പോലും അന്ന് ഈ നിയമത്തിനെതിരെ ഉറഞ്ഞു തുള്ളുകയായിരുന്നു.
ഹിന്ദുമതതത്വങ്ങൾക്കെതിരാണു് ഈ നിയമം എന്നു വാദിച്ചായിരുന്നു തിലകൻ ഇതിനെ എതിർത്തത്. എന്റെ മതത്തെ സംരക്ഷിക്കൻ എത് അറ്റവുംവരെ പോകുമെന്ന് പ്രഖ്യാപിച്ച തിലകനും കൂട്ടരും പതിനായിരങ്ങളെ അണി നിരത്തിയാണ് വിശ്വാസ സംരക്ഷണ സമരം നടത്തിയത്. ഹിന്ദുക്കൾ, കൂടുതലും ബ്രാഹ്മണർ ഈ ബില്ലിനു എതിരായിരുന്നു. മുസ്ലിമുകളും ക്രിസ്ത്യാനികളുംവരെ ഈ ബില്ലിൽ പ്രതിഷേധിച്ചു. കാരണം ബ്രിട്ടീഷുകാർ ഇന്ത്യൻ സംസ്‌കാരത്തെ നശിപ്പിക്കുന്നു എന്ന ബ്രാഹ്മണരുടെ ന്യായവാദം അവർക്കും രുചിക്കുന്ന ഒന്നായിരുന്നു. ബാല ഗംഗാധരതിലകും, ബിപിൻചന്ദ്രപാലും അടങ്ങുന്ന തീവ്ര ദേശീയതാവാദികൾ പോലും ഈ ബില്ലിനെ എതിർത്ത് സമ്മേളനവും മറ്റും വിളിച്ചു കൂട്ടുകയും പത്രങ്ങളിൽ ഘോരഘോരം എഴുതുകയും ചെയ്തു. പക്ഷേ 'സതി' നിരോധിച്ച കാലത്തെന്നപോലെ ബ്രിട്ടീഷുകാർ തോക്ക് എടുത്തതോടെ എല്ലാവും ഓടി ഒളിച്ചു.
ഇന്ത്യയിൽ ഇപ്പോഴത്തെ കല്യാണപ്രായം സ്ത്രീകൾക്ക് 18 ഉം പുരുഷന്മാക്ക് 21 ഉം ആക്കിയതിന് പിന്നിലുള്ള നാൾവഴികൾ നമുക്ക് പരിശോധിക്കാം.
1860 ൽ ബ്രിട്ടീഷുകാർ പാസ്സാക്കിയ ഇന്ത്യൻ പീനൽ കോഡ് 10 വയസ്സിൽ താഴെയുള്ള പെൺകുട്ടികളുമായുള്ള ലൈംഗികബന്ധം ഒരു കുറ്റകൃത്യമാക്കി. 1927 ൽ ഈ നിയമം വീണ്ടും ഭേദഗതി ചെയ്യപ്പെടുകയും 12 വയസ്സിൽ താഴെയുള്ള പെൺകുട്ടികളുമായുള്ള വിവാഹത്തിന് നിയമസധുത ഇല്ലാതാക്കയും ചെയ്തു. ഈ ഭേദഗതിയെ ഇന്ത്യൻ ദേശീയപ്രസ്ഥാനത്തിന്റെ യാഥാസ്ഥികരായ നേതാക്കൾ ഹിന്ദുക്കളുടെ ആചാരത്തിന്മേലുള്ള കൈയ്യേറ്റമായി വ്യാഖ്യാനിച്ച് നക്ഷശിഖാന്തം എതിർത്തു.
1880 കളിലാണ് വിവാഹത്തിന് സമ്മതം മൂളുന്നതിനുള്ള കുറഞ്ഞ പ്രായം എന്റയിരിക്കണമെന്നുള്ള നിയമ നിർമ്മാണത്തിന് തുടക്കം കുറിക്കുന്നത്തിനുള്ള ആലോചനകൾ മുറുകിയത്.
1929 ൽ ശൈശവ വിവാഹ നിരോധന നിയമം പ്രാബല്യത്തിൽ വരുകയും പെൺകുട്ടികൾക്ക് വിവാഹപ്രായം 16 ഉം ആൺകുട്ടികൾക്ക് 18 ഉം ആയി നിജപ്പെടുത്തി. ഈ നിയമത്തെ സർദ ആക്ട് (sarda act ) എന്ന പേരിൽ പ്രശസ്തമായി. ഈ നിയമത്തിന്റെ പിന്നിൽ പ്രവർത്തിച്ചത് ഒരു ജഡ്ജിയും ആര്യസമാജത്തിലെ അംഗവുമായിരുന്ന ഹർബിലാസ് സർദ എന്ന വ്യക്തി ആയിരുന്നു. ഇന്നത്തെ വിവാഹപ്രായമായ 18 വയസ്സ് സ്ത്രീകൾക്കും, 21 വയസ്സ് പുരുഷന്മാക്കുമായി നിജപ്പെടുത്തിയത് 1978 ൽ ആണ്.
എന്തുകൊണ്ടാണ് പുരുഷനും സ്ത്രീക്കും രണ്ട് വ്യത്യസ്ത വിവാഹ പ്രായങ്ങൾ എന്നത് പണ്ടു മുതൽക്കുള്ള ചർച്ചാവിഷയമാണ്. ഈ നിയമം ആചാരങ്ങളുടേയും, മതാനിഷ്ടാനങ്ങളുടേയും ചുവടുപിടിച്ചാണ് ഉണ്ടായത് എന്നതിൽക്കവിഞ്ഞ് ഒന്നുമില്ലെന്ന് വാദിച്ച് നിയമനിർമ്മാണ കമ്മീഷൻ ഇതിനെതിരെ രംഗത്തു വന്നിരുന്നു. ഇത് ഭാര്യയുടെ വയസ്സ് ഭർത്താവിന്റെ വയസ്സിൽ കുറവായിരിക്കണമെന്ന തെറ്റായ സന്ദേശം സമൂഹത്തിന് നൽകുമെന്ന് കമ്മീഷൻ അഭിപ്രായപ്പെട്ടു.
സ്ത്രീകൾ പുരുഷന്മാരേക്കാൾ മുമ്പേ പക്വത ആർജ്ജിക്കുമെന്നും അതിനാൽ അവരുടെ വിവാഹപ്രായം പുരുഷന്മാരുടെതിനേക്കാൾ കുറഞ്ഞിരിക്കുന്നതാണ് നല്ലതെന്നുള്ള സിദ്ധാന്തവും ഇതിന്റെ പിന്നിലുണ്ട്.
വനിതാവകാശ പ്രവർത്തകർ ഇതൊരു നാട്ടുനടപ്പാകാനുള്ള സാധ്യതയുണ്ട് എന്നു ചൂണ്ടിക്കാട്ടി ഇതിനെതിരെ ശബ്ദമുയർത്തി.
സ്ത്രീകൾക്കെതിരെയുള്ള വിവേചനത്തിന് എതിരെ പ്രവർത്തിക്കുന്ന അന്താരാഷ്ട്ര സംഘടനയായ CEDAW, സ്ത്രീകൾ പുരുഷന്മാർക്ക് മുമ്പേ പക്വത പ്രാപിക്കുമെന്ന സിദ്ധാന്തം മുൻ നിർത്തിയുള്ള വിവാഹപ്രായത്തിലെ അന്തരം ശരിയല്ലെന്ന് ചൂണ്ടിക്കാട്ടി ഈ നിയമത്തിനെതിരെ പ്രതികരിച്ചിട്ടുണ്ട്.
ഈ കമ്മീഷൻ സ്ത്രീകൾക്കും പുരുഷന്മാർക്കും വിവാഹപ്രായം 18 വയസ്സാക്കണമെന്ന് ശുപാർശ ചെയ്യുന്നു. സ്ത്രീകളും പുരുഷന്മാരും നിയമത്തിനുമുന്നിൽ തുല്യരാണെന്നും, അതുകൊണ്ട് വിവാഹത്തിന് തയ്യാറാകുന്ന ദമ്പതികൾ തമ്മിലുള്ള വിവാഹം തുല്ല്യതയുള്ളവർ തമ്മിലുള്ളതാവണമെന്നും വാദിക്കുന്നു.
എന്തുകൊണ്ടാണ്ടാണ് പുതിയൊരു നിയമ ഭേദഗതി.?
സ്ത്രീകളുടെ വിവാഹപ്രായം ഉയർത്തി പുരുഷന്മാർക്കൊപ്പം ആക്കുന്നതിന് ശ്രമിക്കുന്നതിന് രണ്ടു കാരണങ്ങളാണ് ഉയർത്തിക്കാട്ടുന്നത്. കുറഞ്ഞ പ്രായത്തിലെ ഗർഭധാരണവും പ്രസവവും ശിശുരണ നിരക്ക് ഉയർത്തുകയും അമ്മയുടെ ആരോഗ്യത്തെ ബാധിക്കയും ചെയ്യുമെന്ന് ഈ നിയമത്തിന്റെ വ്യക്താക്കൾ പറയുന്നു.
ഇപ്പോൾ നിയമപരമായി കുറഞ്ഞ വിവാഹപ്രായം നിശ്ചയിച്ചിട്ടുണ്ടെങ്കിലും, പ്രായപൂർത്തികാത്ത ഒരാളുമായുള്ള ലൈംഗികബന്ധം ഒരു ക്രിമിനൽ കുറ്റമാണെങ്കിലും ശിശുവിവാഹം ഇന്നും ഇന്ത്യയിൽ തുടർന്നുവരുന്ന ദുരാചാരമാണ്.
കഴിഞ്ഞ വർഷം ഡൽഹി ഹൈ കോർട്ട് സ്ത്രീകൾക്കും പുരുഷന്മാർക്കും തുല്ല്യ വിവാഹപ്രായം എന്നാക്കി നിയമം ഭേദഗതി ചെയ്യുന്നതിന് ഗവണ്മെന്റിന്റെ അഭിപ്രായം ആരാഞ്ഞിരുന്നു. ഇതിനായി പൊതു താൽപ്പര്യഹർജ്ജി കോടതിയയിൽ സമർപ്പിച്ചത് ഭാരതീയ ജനത പാർട്ടിയിലെ അശ്വനി കുമാർ ഉപാധ്യായ ആയിരുന്നു.
ഇതിന് ഉപോൽബലകമായി അദ്ദേഹം ഭരണഘടനയിലെ ആർട്ടിക്കിൾ 14 ഉം, 21ഉം ചൂണ്ടിക്കാട്ടി. ഈ ആർട്ടിക്കിൾ ലിംഗഭേദമെന്യേ എല്ലാവർക്കും അന്തസ്സും, തുല്യതയും ഉറപ്പുനൽകുന്നതാണെന്നും, വ്യത്യസ്തങ്ങളായ വിവാഹപ്രായ നിയമം വഴി അത് ഹനിക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
രണ്ട് വ്യത്യസ്തങ്ങളായ സുപ്രീം കോർട്ട് വിധികളും അദ്ദേഹത്തിന്റെ വാദത്തിന് അനുകൂലമായുണ്ട്.
2014-ൽ ലീഗൽ സർവീസസ് ഓഫ് ഇന്ത്യ, ഇന്ത്യാ ഗവണ്മെന്റിനെതിരെ കൊടുത്ത ഒരു കേസിന്റെ വിധിയിൽ ദ്വിലിംഗക്കാരെ മൂന്നാം ലിംഗക്കാരായി നിയമപരമായി അംഗീകരിക്കുകയും എല്ലാ വ്യക്തികൾക്കും ഭരണഘടന നൽകുന്ന തുല്ല്യത ഉറപ്പു നൽകുന്നുണ്ടെന്നും പറയുകയുണ്ടായി.
2018-ലെ മറ്റൊരു കേസിൽ സുപ്രീം കോർട്ട് നിലവിലുള്ള വ്യഭിചാരം നിർവ്വചിക്കുന്ന IPC-1860 സെക്ഷൻ 497-നിയമത്തിന്റെ ദൃഷ്ടിയിൽ ശിക്ഷാർഹമായ കുറ്റമല്ലാതാക്കയും, നിയമത്തിനു മുന്നിൽ എല്ലാവരും തുല്യരാണെന്നും, ഈ വിഷയത്തിൽ നിയമം സ്ത്രീകളോട് മാത്രം വിവേചനം കാണിക്കുന്നത് അവരുടെ അന്തസ്സിനെ ഹനിക്കുന്നുവെന്നും, അത് അവരെ അപമാനിക്കുന്നതിന് തുല്ല്യമാണെന്നും പറയുകയുണ്ടായി. 158-വർഷം പഴക്കമുള്ള പഴയ നിയമം സ്ത്രീകൾ പുരുഷന്റെ അടിമയാണെന്ന വിവക്ഷയിൽ ഉള്ളവയാണെന്ന്കോടതി നിരീക്ഷിച്ചു. പക്ഷെ അത് വിവാഹബന്ധം വേർപെടുത്താൻ മതിയായ കാരണമായി ഉപയോഗിക്കാമെന്ന് പറയുകയുണ്ടായി.
ശിശുവിവാഹം ഇന്ത്യയിൽ
യുണൈറ്റഡ് നേഷൻസ് പോപ്പുലേഷൻ ഫണ്ട് (UNFPA) പ്രസിദ്ധീകരിച്ച ഒരു കണക്കനുസരിച്ച് ലോകത്തിൽ എല്ലായിടത്തുംതന്നെ ശിശുവിവാഹം നിരോധിച്ചിട്ടുണ്ടെങ്കിലും ഇവ ഇപ്പോഴും സർവ്വസാധാരണമാണെന്നും, കുറഞ്ഞത് 33000 വിവാഹങ്ങൾ ഇത്തരത്തിൽ എല്ലാ ദിവസവും നടക്കയും ചെയ്യുന്നുണ്ടെന്ന് പറയുകയുണ്ടായി.
ഇന്ന് ലോകത്തിൽ ജീവിച്ചിരിക്കുന്ന 65-കോടി സ്ത്രീകളും, പെൺകുട്ടികളും ശൈശവ വിവാഹത്തിന്റെ ഇരകളാണെന്നും, 2030-ഓടെ 15 കോടികൂടി ഈ ഗണത്തിലേക്ക് കൂട്ടിച്ചേർക്കപ്പെടുമെന്നും ഈ സംഘടന നിരീക്ഷിക്കയുണ്ടായി. ഈ കാര്യത്തിൽ ഇന്ത്യയിൽ ഉണ്ടായ പുരോഗതി തെക്കൻ ഏഷ്യൻ രാജ്യങ്ങളിലെ ശൈശവ വിവാഹ നിരക്കിൽ 50 ശതമാമാനം കുറവു വരുത്താൻ സഹായിച്ചിട്ടുണ്ടെങ്കിലും 2018 ലെ കണക്കനുസ്സരിച്ച് ഈ മേഖലയിലെ വിവാഹങ്ങളുടെ 30 ശതമാനവും ഇപ്പോഴും ഈ രീതിയിലാണെന്നുള്ളത് ആശങ്ക ഉളവാക്കുന്നതാണ്. ഈ മേഖലയിലാണ് ലോകത്തിലെ ഏറ്റവും കൂടുതൽ ശൈശവ വിവാഹങ്ങൾ - 2017 ലെ കണക്കനുസരിച്ച് വർഷം 4 ദശലക്ഷം എന്ന തോതിൽ -
നടക്കുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.
ഇന്ത്യയിലെ 18 വയസ്സിനു മുമ്പുള്ള ശൈശവവിവാഹങ്ങളിൽ 46 ശതമാനവും ദാരിദ്ര്യരേഖക്ക് താഴെയുള്ളവരിലാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
UNICEF ന്റെ ഒരു കണക്കനുസരിച്ച് ഇന്ത്യയിൽ ഒരു വർഷം 18 വയസ്സിൽ താഴെയുള്ള 15 ലക്ഷത്തോളം പെൺകുട്ടികളെ വിവാഹം ചെയ്തയക്കുന്നുണ്ടെന്ന് പറയുന്നു. അതിൽ 16 ശതമാനം കൗമാര പ്രായത്തിലുള്ളവരാണ്.
വിവാഹപ്രായം മറ്റു രാജ്യങ്ങളിൽ
പല കാരണങ്ങളാൽ ലോകത്തിലെ 117 രാജ്യങ്ങളിൽ ഇന്നും ശൈശവ വിവാഹങ്ങൾ അരങ്ങേറുന്നു. പലപ്പോഴും പൊതുനിയമങ്ങൾ മതചാരങ്ങൾക്ക് കണ്ണടക്കുന്നതാണ് ഒരു കാരണം. അടുത്ത കാരണം മാതാപിതാക്കളുടെ സമ്മതമുണ്ടെങ്കിൽ ചെറുപ്രായത്തിലെ വിവാഹം പല രാജ്യങ്ങളും അംഗീകരിക്കുന്നു എന്നതാണ്. മറ്റു ചിലത് കോർട്ട് ഓർഡർ ആണ്.
ആറു രാജ്യങ്ങളിൽ വിവാഹപ്രായം എത്രയാണെന്ന് കൃത്യമായി നിർവചിച്ചിട്ടില്ല. ഇക്വട്ടോറിയൽ ഗിനിയ, ഗാമ്പിയ, തെക്കൻ സുഡാൻ , സൗദി അറേബ്യ, സോമാലിയ, യമൻ എന്നിവയാണ് ഈ രാജ്യങ്ങൾ.
ഇറാനിലും, ജമൈക്കയിലും, ഉരുഗ്വയിലും മാതാപിതാക്കളുടെ സമ്മതമുണ്ടെങ്കിൽ കുട്ടികൾക്ക് വിവാഹിതരാകാം.
ഓസ്ട്രേലിയയിൽ 18 വയസ്സാണ് വിവാഹപ്രയമെങ്കിലും കോടതി മുഖേന 16 വയസ്സിൽ വിവാഹിതരാകാം.
അഫ്ഗാനിസ്ഥാനിൽ പെൺകുട്ടികൾക്ക് വിവാഹപ്രായം 16 ഉം ആൺകുട്ടികൾക്ക് 18 ഉം ആണ്. എന്നാൽ മാതാപിതാക്കളുടെ സമ്മതമുണ്ടെങ്കിൽ പെൺകുട്ടികൾക്ക് 15 വയസ്സിൽ വിവാഹിതരാകാം.
സുഡാനിൽ പെൺകുട്ടികളുടെ വിവാഹപ്രായം 10 ഉം ആൺകുട്ടികളുടേത് 15 ഉം ആണ്.
ചൈനയിൽ സ്ത്രീകളുടെ വിവാഹപ്രായം 20 ഉം പുരുഷൻെറത് 22 ഉം ആണ്. ഇതാണ് ലോകത്തിലെ ഏറ്റവും ഉയർന്ന വിവാഹ പ്രായം.
അമേരിക്കയിലെ മാസ്സച്ചുസെറ്റിൽ പെൺകുട്ടികൾക്ക് അസാധാരണ സാഹചര്യങ്ങളിൽ 12 വയസ്സിൽ കോടതിയുടെ അനുമതിയോടെ വിവാഹിതരാകാം.
38 രാജ്യങ്ങളിൽ സ്ത്രീകൾക്ക് പുരുഷന്മാരുടേതിനേക്കാൾ കുറഞ്ഞ വിവാഹപ്രായമാണ്.
ലോകത്തിലെ പല രാജ്യങ്ങളിലും ആൺകുട്ടികളുടെ നിയമവിധേയമായ ശരാശരി വിവാഹപ്രായം 18 ഉം പെൺകുട്ടികളുടേത് 16 ഉം ആണ്.
Comments
Post a Comment