ഫെബ്രുവരി 1961, സോവിയറ്റ് യൂണിയന്റെ അന്റാർട്ടിക്കയിലേയ്ക്കുള്ള ആറാമത്തെ പര്യവേഷണ സംഘം. ഷിർമാക്കർ ഒയാസിസിൽ ഒരു പുതിയ ബേസ് നിർമ്മിക്കുകയായിരുന്നു ആ 12 അംഗ സംഘത്തിന്റെ നിയോഗം. ടീമിലെ ഒരേ ഒരു ഡോക്ടറായിരുന്നു ലിയോനിഡ് റൊഗ്‌ഓസോവ്.. വയസ് 27. പ്രശസ്തനായ സർജൻ. ഏപ്രിൽ മാസത്തോടെ ശൈത്യം കഠിനമായി...
ലിയോനിഡിന് പെട്ടെന്നൊരു വയറുവേദനയും ഓക്കാനവും..വേദന സഹിക്കാവുന്നതിലും അപ്പുറമായി...തനിക്ക് അക്യൂട്ട് അപ്പന്റിക്സ് ആണെന്ന് പ്രഗൽഭനായ ആ സർജൻ വളരെ പെട്ടെന്ന് തിരിച്ചറിഞ്ഞു. അടിയന്തര മെഡിക്കൽ സഹായം ലഭിച്ചില്ലങ്കിൽ അപ്പന്റിക്സ് വയറിനകത്ത് വച്ച് പൊട്ടാൻ സാദ്ധ്യതയുണ്ട്. അത് അയാളെ മരണത്തിലേയ്ക്ക് നയിക്കും. പുറത്ത് നിന്നും സഹായം ലഭിക്കാൻ യാതൊരു സാദ്ധ്യതയുമില്ല. റഷ്യയിലേയ്ക്ക് പോകണമെങ്കിൽ 36 ദിവസത്തെ കടൽ യാത്ര വേണം. അതിന് വേണ്ടിയുള്ള കപ്പൽ അടുത്ത വർഷമെ വരികയുള്ളൂ.. കടുത്ത മഞ്ഞ് വീഴ്ചമൂലം വിമാനയാത്രയും അസാദ്ധ്യം. ലിയോനിഡ് റൊഗ്‌ഓസോവ് ജീവിതത്തിനും മരണത്തിനുമിടയിലെ നിമിഷങ്ങൾ അനുഭവിച്ചറിഞ്ഞു. കോൾഡ് വാറിന്റെ കാലമാണ്... ദൌത്യത്തിന്റെ പരാജയം രാജ്യത്തിന്റെ പരാജയമായി കണക്കു കൂട്ടുന്ന കാലം...എത്രയോ അപ്രന്റിസ് സർജറി നടത്തിയതാണ് താൻ. ലക്ഷണങ്ങൾ കടുത്തപ്പോൾ അയാൾ തിരിച്ചറിഞ്ഞു... ഒന്നുകിൽ മരണം... അല്ലെങ്കിൽ സ്വയം സർജറി നടത്തുക... പക്ഷെ എങ്ങനെ....
അയാൾ കമാന്ററോട് അനുവാദം ചോദിച്ചു... മിഷൻ വിജയിക്കണമെന്ന് മാത്രം മോഹമുള്ള അയാൾ അനുവാദം നൽകിയെന്ന് മാത്രമല്ല സംഘത്തിലെ മിടുക്കരായ രണ്ട് പേരെ സർജറിയിൽ സഹായിക്കാനായി ചുമതലപ്പെടുത്തുകകൂടി ചെയ്തു. മരണത്തെക്കാൾ ഭേദം സ്വയം സർജറി ആണെന്ന് തിരിച്ചറിഞ്ഞ ലിയോനിഡ് auto-appendectomy ചെയ്യാൻ സജ്ജമായി. “എനിക്കു തലേന്ന് രാത്രിയിൽ ഉറങ്ങാൻ കഴിഞ്ഞില്ല. വീശിയടിക്കുന്ന ശീതക്കാറ്റിന്റെ മാരകമായ തണുപ്പിൽ ഞാൻ തീരുമാനിച്ചു..കൈകെട്ടി നിന്ന് മരിക്കുന്നതിനെക്കാൾ നല്ലത് എന്റെ കൈകൊണ്ട് തന്നെ വയറു തുറന്ന് കുടൽമാല പുറത്തെടുത്ത് ആ നാശം പിടിച്ച സാധനത്തിനെ അറുത്ത് മാറ്റണമെന്ന് ”.
തന്റെ സഹായികളെ വിളിച്ച് ആവശ്യമായ സർജറി ഉപകരണങ്ങളും വലിയ ഒരു കണ്ണാടിയും നൽകി..ലോക്കൽ അനസ്തീഷ്യ തന്റെ വയറിന്റെ ഭാഗത്ത് സ്വയം കുത്തിവച്ചു. അനന്തരം ഓപ്പറേഷൻ ബ്ലേഡ് കൊണ്ട് വയറു സ്വന്തമായി കീറി... രക്തം പുഴ പോലെ ഒഴുകി... പ്രഗൽഭനായ ആ സർജൻ മറ്റൊരാൾക്ക് ചെയ്യുന്നത് പോലെ ദർപ്പണത്തിലെ പ്രതിബിംബത്തിൽ നോക്കി തന്റെ കുടൽമാല എടുത്ത് പുറത്ത് വച്ചു.. അയാൾക്ക് കൈകൾ തളർന്ന് പോകുന്നതായി തോന്നി... സഹായിയോട് അങ്ങനെ സംഭവിച്ചാൽ അഡ്രിനാലിൻ എങ്ങനെ ഇഞ്ജക്ട് ചെയ്യണമെന്നും മറ്റ് എന്തൊക്കെ കാര്യങ്ങൾ ചെയ്യണമെന്നതിനെ കുറിച്ചും പെട്ടൊന്നൊരു ബ്രീഫിംഗ് നടത്തി.. കണ്ണാടിയിലെ വശം തിരിഞ്ഞ കുടലിന്റെ കാഴ്ച അയാളുടെ പ്രതീക്ഷകളെ തകിടം മറിച്ചു... കാര്യങ്ങൾ കൈവിട്ടു പോകുമെന്ന് തോന്നിയപ്പോൾ അയാൾ കയ്യിലെ ഗ്ലൌസ് ഊരി മാറ്റി... സ്പർശനത്തിലൂടെ അവയവങ്ങൾ തിരിച്ചറിഞ്ഞ് സർജ്ജറി തുടർന്നു.. അയാളുടെ തല പമ്പരം കണക്കെ കറങ്ങി.. കൈകൾ ഈയ്യൽ പോലെ വിറകൊണ്ടു... തന്റെ സഹായികളുടെ അപ്പോഴത്തെ അവസ്ഥ സംബന്ധിച്ച് ലിയോനിഡ് പിന്നീട് എഴുതി... "ഞാൻ അവരെ നോക്കുമ്പോൾ അവരുടെ വെളുത്ത സർജിക്കൽ വസ്ത്രങ്ങളെക്കാലും വിളറി വെളുത്തതായിരുന്നു അവരുടെ മുഖം, എന്റെ ഹൃദയമിടിപ്പും കുറഞ്ഞ് കുറഞ്ഞ് വന്നു. കൈകൾ റബ്ബർ പോലെയായി, ഇതവസാനമാണെന്ന് ഞാനുറപ്പിച്ചു” എത്രയോ സർജറികൾ നടത്തിയ ആ മനുഷ്യൻ, ഒടുവിൽ തന്റെ ആ നശിച്ച അപ്പന്റിക്സിനെ സ്വയം വേർപെടുത്തി.. കറുത്തിരുണ്ട അതിന്റെ അടി ഭാഗം അയാളെ ഞെട്ടിച്ചു കളഞ്ഞു... ഒന്ന് രണ്ട് ദിവസം താമസിച്ചിരുന്നെങ്കിൽ അത് പൊട്ടി അയാളുടെ മരണം സംഭവിക്കുമായിരുന്നു.. യുഗങ്ങളോളം നീണ്ട ആ രണ്ട് മണിക്കൂറിലെ സ്വയം സർജറി, അതിന്റെ അവസാനത്തെ സ്റ്റിച്ചും സ്വന്തമായി ഇട്ട്, വിജയകരമായി പര്യവസാനിച്ചു... തന്റെ സഹായികൾക്ക് ഉപകരണങ്ങളും മുറിയും വൃത്തിയാക്കാനുള്ള കാര്യങ്ങൾ ഉപദേശിച്ച്, ആന്റിബയോട്ടിക്കുകളും കുറച്ച് ഉറക്കഗുളികളും കഴിച്ച് നീണ്ട ഉറക്കത്തിലേയ്ക്ക് വീണു... വെറും രണ്ടാഴ്ചത്തെ വിശ്രമത്തിന് ശേഷം പതിന്മടങ്ങോടെ ആ ധൈര്യശാലിയായ ഡോക്ടർ തന്റെ ജോലി തുടർന്നു...
ഇങ്ങനെയുമുണ്ടായിരുന്നു കുറെ മനുഷ്യർ.
Comments
Post a Comment